Featured post

Sai pallavi vanitha photoshoot

Sunday 13 March 2016

Chaplin

ചിരിപ്പിച്ച് ചിന്തിപ്പിച്ച് കരയിച്ച ചാപ്ലിന്‍
1889 ഏപ്രില് 16ന് ലണ്ടനില് ജനിച്ചു. ബ്രിട്ടനിലെ വിക്ടോറിയന് നാടകശാലയില് കുട്ടിക്കാലത്തുതന്നെ അഭിനയം ആരംഭിച്ചു. ദി ഡിക്റ്റേറ്റര്, ദി ബോണ്ട്, മേക്കിങ് എ ലിവിങ്, ദി കിഡ് തുടങ്ങി എണ്പതോളം സിനിമകള് സ്വന്തമായി നിര്മിക്കുകയും അഭിനയിക്കുകയും ചെയ്തു. 65 വര്ഷം നീണ്ടുനിന്ന അഭിനയജീവിതത്തിനൊടുവില് 1977 ഡിസംബര് 25ന് 88ാമത്തെ വയസ്സില്ക്രിസ്തുമസ് ദിനത്തില് , മനുഷ്യസ്നേഹിയായഈ ചലച്ചിത്രകാരന് നിര്യാതനായി.
ദാരിദ്ര്യത്തിന്‍റെയും വിശപ്പിന്‍റെയും തത്ത്വശാസ്ത്രത്തെ ലളിതമായും അതിതീവ്രമായും അവതരിപ്പിക്കുകയാണ് ചാപ്ലിന്‍ ചെയ്തത് .എല്ലാ വൈരുദ്ധ്യങ്ങളും വേദനകളും യാതനകളും ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യരാശിയെ ചിരിപ്പിക്കാനും ചിന്തിക്കാന്‍ പ്രേരിപ്പിക്കാനും ചാപ്ലിനു കഴിഞ്ഞു. അതുകൊണ്ടുതന്നെ ആ മനുഷ്യന്റെ ചരിത്രത്തിനു പ്രസക്തിയുണ്ട്.
അമ്മ-ചാപ്ലിന്റെ മുറിപ്പെടുത്തുന്ന ഓര്മ്മ
ചാര്ലി ചാപ്ലിന്: സ്കൂളില് വേനലൊഴിവ് തുടങ്ങി. മുറിയിലിരുന്ന് മുഷിയുന്നത് ഒഴിവാക്കാന്, ഞാനന്ന് നേരത്തെതന്ന മക്കാര്തയുടെ വീട്ടിലേക്ക് പോയി. അവര് എന്നെ ഭക്ഷണത്തിന് ക്ഷണിച്ചെങ്കിലും ഞാനെന്തോ അത് നിരസിച്ച് അമ്മയുടെ അടുത്തേക്ക് മടങ്ങിപ്പോരുകയാണുണ്ടായത്. പൗനല് ടെറസ്സില് എത്തിയപ്പോള് കുറച്ചു കുട്ടികള് എന്നെ ഗേറ്റിനടുത്ത് തടഞ്ഞുനിർത്തി
'നിന്റമ്മയ്ക്ക് ഭ്രാന്തായി.' ഒരു പെണ്കുട്ടി പറഞ്ഞു.
മുഖത്ത് ഒരടിയേറ്റ പോലെയാണെനിക്കു തോന്നിയത്.
'നീയെന്താ പറയുന്നത്?' ഞാന് പിറുപിറുത്തു. 'ശരിയാണ്. അവര് കുറേ കല്ക്കരി കഷണങ്ങളും കൈയിലെടുത്ത് ഓരോ വാതില്ക്കലും മുട്ടി. ഇതു കുട്ടികള്ക്കുള്ള പിറന്നാള്സമ്മാനമാണെന്ന് പറഞ്ഞ് എല്ലായിടത്തും കല്ക്കരിക്കക്ഷണം കൊടുത്തു.' മറ്റൊരുവന് പറഞ്ഞു.
കൂടുതല് കേള്ക്കാന് നില്ക്കാതെ പടികള് ഓടിക്കയറി ഞാന് മുറിയിലെത്തി. അല്പനേരം അമ്മയെ സൂക്ഷിച്ചുനോക്കി. അമ്മ പതിവുപോലെ ജനാലയ്ക്കരികില് ഇരിക്കുകയായിരുന്നു. മുഖം വിളറിയിരിക്കുന്നു. വല്ലാതെ യാതന അനുഭവിക്കുന്ന ഭാവത്തോടെ ഞാന് വിളിച്ചു.
'അമ്മേ' അലറുന്ന സ്വരത്തില് ഞാന് വിളിച്ചു.
'എന്തോ?' അമ്മ അലക്ഷ്യമായി ചോദിച്ചു.
ഞാനോടിച്ചെന്ന് അമ്മയുടെ മടിയില് മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു.
'എന്തുപറ്റി?' എന്റെ തലയില് വിരലോടിച്ച് അമ്മ ചോദിച്ചു.
'അമ്മയ്ക്കു സുഖമില്ല.' ഞാന് തേങ്ങലിനിടയ്ക്ക് പറഞ്ഞു. 'എനിക്ക് കുഴപ്പമൊന്നുമില്ല'. അമ്മ എന്നെ ആശ്വസിപ്പിച്ചു. അമ്മ വല്ലാതെ അസ്വസ്ഥയായിരിക്കുന്നതുപോലെ എനിക്ക് തോന്നി. 'അല്ല; അല്ല; അവരൊക്കെ പറഞ്ഞല്ലോ അമ്മ ഓരോ വീട്ടിലും നടന്ന്-' എനിക്ക് കരച്ചില് സഹിക്കാനായില്ല.
'ഞാന് സിഡ്നിയെ നോക്കുകയായിരുന്നു. അവരവനെ ഒളിപ്പിച്ചു നിർത്തിയിരിക്കുകയാ.' ക്ഷീണിച്ച സ്വരത്തില് അമ്മ പറഞ്ഞു. ആ കുട്ടികള് പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്ന് എനിക്ക് ബോധ്യമായി.
'ഓ മമ്മീ, അങ്ങനെയൊന്നും പറയാതെ. നമുക്കൊരു ഡോക്ടറുടെ അടുത്ത് പോകാം.' ഞാന് തേങ്ങിക്കൊണ്ടിരുന്നു. 'മക്കാർത്തക്കറിയാം അവനെവിടെയാണെന്ന്. അവരവനെ എന്റെടുത്തുനിന്ന് മാറ്റിനിർത്തുകയാണ്.' എന്റെ തലപിടിച്ച് കുലുക്കിക്കൊണ്ട് അമ്മ പറഞ്ഞു.
'മമ്മീ; ദയവുചെയ്ത് - ഞാനൊരു ഡോക്ടറെ വിളിക്കാം'
ഞാനെഴുന്നേറ്റ് വാതിലിനുനേരെ നടന്നു. അമ്മ പെട്ടെന്ന് ചോദിച്ചു : 'നീയെവിടെ പോകുന്നു?'
'ഡോക്ടറെ വിളിക്കാന്. ഞാന് പെട്ടെന്നു വരാം.'
അമ്മ ഒന്നും മിണ്ടിയില്ല. ഉത്കണ്ഠാപൂര്വം എന്നെ നോക്കി. ഞാന് പെട്ടെന്ന് താഴേക്കിറങ്ങി വീട്ടുടമസ്ഥയുടെ അരികിലെത്തി.
'അമ്മയ്ക്കു സുഖമില്ല. ഞാന് ഡോക്ടറെ വിളിക്കാന് പോവുകയാ.' ഞാനവരോട് പറഞ്ഞു.
'ഡോക്ടര്ക്ക് ആളയച്ചിട്ടുണ്ട്.' അവര് അറിയിച്ചു.
ഇടവകയിലെ വൃദ്ധനായ ഡോക്ടര് വന്നു. അദ്ദേഹം വീട്ടുടമസ്ഥ പറഞ്ഞതെല്ലാം ശ്രദ്ധിച്ചുകേട്ടു. കുട്ടികള് പറഞ്ഞ കഥതന്നെയാണ് അവരും പറഞ്ഞത്. ഡോക്ടര് അമ്മയെ അലസമായൊന്നു പരിശോധിച്ചു. 'ഭ്രാന്താണ്. അവരെ ഉടന് ആശുപത്രിയിലേക്കയയ്ക്കൂ.' അദ്ദേഹം പറഞ്ഞു. എന്നിട്ട് ഒരു കടലാസില് എന്തൊക്കെയോ എഴുതി. അക്കൂട്ടത്തില് അമ്മയ്ക്ക് പോഷകാഹാരക്കുറവ് വളരെയുണ്ടെന്ന് എഴുതിയിരുന്നു. അതദ്ദേഹം എനിക്ക് വിശദീകരിച്ചുതന്നു 'ആശുപത്രിയില് പോയാല് അവര്ക്ക് നല്ല ഭക്ഷണം കിട്ടും.' വീട്ടുടമസ്ഥ എന്നെ ആശ്വസിപ്പിച്ചു. അമ്മയുടെ വസ്ത്രം മാറ്റാനും ആവ ശ്യമായ തുണികള് മടക്കിയെടുക്കാനും അവര് സഹായിച്ചു. ഒരു കുഞ്ഞിനെപ്പോലെ അമ്മ എല്ലാം അനുസരിച്ചു. ഞങ്ങള് വീടുവിട്ടിറങ്ങുമ്പോള് അയല്പക്കത്തെ സ്ത്രീകളും കുട്ടികളുമൊക്കെയായി വലിയൊരു ജനക്കൂട്ടം ഗേറ്റിനരികിലുണ്ടായിരുന്നു.
ആശുപത്രിയിലേക്ക് ഒരു മൈല് ദൂരമുണ്ട്. നടക്കുമ്പോള് അമ്മ ക്ഷീണംകൊണ്ട് മദ്യപിച്ചതുപോലെആടിക്കൊണ്ടിരുന്നു. ഞാനമ്മയെ താങ്ങിപ്പിടിച്ചിരുന്നു. ഉച്ചവെയില് ഞങ്ങളെ കൂടുതല് ബുദ്ധിമുട്ടിച്ചു. കടന്നുപോകുന്നവരെല്ലാം അമ്മ മദ്യപിച്ചതാണെന്നു കരുതി. അവരെല്ലാം ഒരു സ്വപ്നത്തിലെ മായാരൂപങ്ങളാണെന്ന് എനിക്കു തോന്നി. ഒന്നും സംസാരിച്ചിരുന്നില്ലെങ്കിലും ഞങ്ങള് എവിടേക്കാണ് പോകുന്നതെന്ന് അമ്മയ്ക്കറിയാമായിരുന്നു. ഞാനമ്മയെ സമാധാനിപ്പിക്കാന് ശ്രമിച്ചു. അമ്മ വെറുതെ പുഞ്ചിരിക്കുകമാത്രം ചെയ്തു.
ആശുപത്രിയിലെത്തിയപ്പോള് ചെറുപ്പക്കാരനായ ഒരു ഡോക്ടര് അമ്മയെ പരിശോധിച്ചു. വൃദ്ധഡോക്ടറുടെ കുറിപ്പ് വായിച്ച് അദ്ദേഹം വളരെ ദയയോടെ പറഞ്ഞു: 'ശരി മിസ്സിസ്സ് ചാപ്ലിന് ഇതിലേ വരൂ.'
അമ്മ അനുസരിച്ചു. നഴ്സുമാര് വന്നു കൂട്ടിക്കൊണ്ടുപോകുമ്പോള് പെട്ടെന്ന് തിരിഞ്ഞ് സങ്കടത്തോടെ എന്നെ നോക്കി. 'നാളെ കാണാം.' സന്തോഷം ഭാവിച്ച് ഞാന് പറഞ്ഞു.
ഇടയ്ക്കിടെ തിരിഞ്ഞ് നോക്കിക്കൊണ്ട് അമ്മ അവരോടൊപ്പം പോയി.
'മോനേ, ഇനി നിന്റെ സ്ഥിതി എന്താ?' ഡോക്ടര് എന്നോട് ചോദിച്ചു.
അനാഥമന്ദിരത്തില് താമസിക്കാന് ഇഷ്ടമില്ലാത്തതുകൊണ്ട് ഞാന് പറഞ്ഞു: 'ഞാനെന്റെ അമ്മായിയുടെ അടുത്തേക്ക് പോവുകയാണ്.'
തിരികെ വീട്ടിലേക്ക് നടക്കുമ്പോള് ഞാനാകെ മരവിച്ചിരുന്നു. ഇരുട്ടുമുറിയില് ഒന്നും കഴിക്കാതെ മിണ്ടാതെ ഇരിക്കുന്നതിനേക്കാള് ഭേദം അമ്മ ആശുപത്രിയില് കഴിയുന്നതാണെന്ന് ഞാന് സ്വയം ആശ്വസിപ്പിച്ചു. പക്ഷേ, എന്നെ തിരിഞ്ഞുനോക്കിക്കൊണ്ട് നടന്നുമറയുന്ന അമ്മയുടെ രൂപം എന്റെ മനസ്സില്നിന്ന് പോയതേയില്ല. ഹൃദയഭേദകമായിരുന്നു ആ രംഗം. അമ്മയോടൊപ്പം കഴിച്ചുകൂട്ടിയ നിമിഷങ്ങളെക്കുറിച്ച് ഞാനോർത്തു. അമ്മയുടെ സ്നേഹം, ക്ഷീണിച്ച രൂപം, പുഞ്ചിരി, പുറത്തുപോയി വരുമ്പോള് കൈയിലെ ബാഗില്നിന്ന് സിഡ്നിക്കും എനിക്കും എന്തെങ്കിലും പലഹാരം എടുത്തുതരുന്നത് - എല്ലാം എനിക്ക് ഓര്മ്മ വന്നു. ഇന്ന് രാവിലെയും ഞാന് അമ്മയുടെ മടിയിലിരുന്ന് തേങ്ങിയപ്പോള് അമ്മ എനിക്കൊരു മിഠായി വാഗ്ദാനം ചെയ്തിരുന്നു.
നേരെ വീട്ടിലേക്ക് പോകാന് എനിക്കു കഴിഞ്ഞില്ല. നേരമിരുട്ടുവോളം ഞാന് ചന്തയിലൊക്കെ ചുറ്റിത്തിരിഞ്ഞ് നടന്നു. തിരിച്ച് വീട്ടിലെത്തിയപ്പോള് ഭയങ്കരമായൊരു ശൂന്യതയാണ് അനുഭവപ്പെട്ടത്.
അവിടെ കസേരയില് അലക്കുപാത്രം വെച്ചിട്ടുണ്ടായിരുന്നു. എന്റെ രണ്ടു ഷര്ട്ടുകളും ഒരു പെറ്റിക്കോട്ടുംഅതില് കുതിര്ത്ർത്തു വെച്ചിട്ടുണ്ട്. നല്ല വിശപ്പുണ്ട്. ഞാന് എല്ലായിടത്തും പരിശോധിച്ചു. ഭക്ഷണസാധനം ഒന്നുംതന്നെ കണ്ടെത്താനായില്ല. പകുതി ചായപ്പൊടി ഉള്ള ഒരു പാക്കറ്റ് മാത്രമാണ് കിട്ടിയത്. തിണ്ണയില് അമ്മയുടെ പേഴ്സ് കിടപ്പുണ്ട്. ഞാനത് തുറന്നുനോക്കി. മൂന്ന് അരപ്പെന്സും കുറെ പണയച്ചീട്ടുകളുമാണ് അതിലുണ്ടായിരുന്നത്. മേശയുടെ മൂലയ്ക്ക് അമ്മ തരാമെന്നേറ്റ മിഠായി കിടക്കുന്നത് ഞാന് കണ്ടു. എനിക്ക് കരച്ചില് അടക്കാനായില്ല.
സങ്കടംകൊണ്ട് ഞാന് തളര്ന്നുറങ്ങി. രാവിലെ വീണ്ടും ഭീകരമായ ശൂന്യതയിലേയ്ക്കുണര്ന്നു. അല്പം കഴിഞ്ഞ് വീട്ടുടമസ്ഥ കയറിവന്നു. ആ മുറി മറ്റാര്ക്കെങ്കിലും കൊടുക്കുന്നതുവരെ അവിടെത്തന്നെ കഴിയാമെന്നും ഭക്ഷണമെന്തെങ്കിലും വേണമെങ്കില് ചോദിക്കാന് മടിക്കേണ്ടെന്നും അവരെന്നോട് പറഞ്ഞു. ഞാന് നന്ദി പറഞ്ഞു. സിഡ്നി തിരിച്ചുവന്നാല് എല്ലാ കടവും വീട്ടിക്കൊള്ളാമെന്നുറപ്പും നല്കി. ഭക്ഷണം ചോദിച്ചുവാങ്ങാന് എനിക്കു നാണമായിരുന്നു.
പറഞ്ഞിരുന്നതുപോലെ പിറ്റേന്ന് ഞാനമ്മയെ കാണാന് ചെന്നില്ല. എനിക്കതിന് കഴിയുമായിരുന്നില്ല. അത് ഞങ്ങളെ വീണ്ടും സങ്കടപ്പെടുത്തും. പക്ഷേ, വീട്ടുടമസ്ഥ ഡോക്ടറെ കണ്ടിരുന്നു. അമ്മയെ കെയ്ന്ഹില് മാനസികരോഗാശുപത്രിയിലേക്ക് മാറ്റിയെന്ന് അറിയാന് കഴിഞ്ഞു. ദുഃഖകരമായ ഈ വാർത്ത എന്റെ മനസ്സിനെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. കാരണം അമ്മയെ കാണാന് പോകാത്തതിലുള്ള കുറ്റബോധം എന്റെ മനസ്സിലുണ്ടായിരുന്നു. കെയ്ന്ഹില് ഇരുപതു മൈല് അകലെയായതുകൊണ്ട്അവിടെ എത്തിച്ചേരുക എളുപ്പമല്ലല്ലോ. സിഡ്നി വന്നാല് ഞങ്ങളൊരുമിച്ചുപോകും. ആദ്യത്തെ ഏതാനും ദിവസങ്ങള് ഞാനാരേയും കാണാതെ കഴിച്ചുകൂട്ടി.
പുലര്ച്ചയ്ക്ക് ഞാന് വീട്ടില്നിന്നിറങ്ങും. പകല് മുഴുവന് വെളിയില് കഴിച്ചുകൂട്ടും. എല്ലാ ദിവസവും എന്തെങ്കിലും ആഹാരത്തിനുള്ള മാര്ഗം ഞാനെങ്ങനെയൊക്കെയോ കണ്ടെത്തി. ഒരു നേരം ഭക്ഷണം കഴിക്കാതിരിക്കുന്നതൊന്നും പ്രയാസകരമായിരുന്നില്ല. ഒരു ദിവസം രാവിലെ ഞാന് പതുക്കെ ഇറങ്ങിപ്പോകുന്നത് വീട്ടുടമസ്ഥ കണ്ടുപിടിച്ചു. പ്രാതല് കഴിച്ചോ എന്ന് അവര് ചോദിച്ചപ്പോള് ഞാന് തലയാട്ടി. 'എന്നാല് വരൂ' അവര് അവരുടെ പരുക്കന് രീതിയില് പറഞ്ഞു.
മക്കാർത്തി കുടുംബത്തിലേക്ക് ഞാന് പോയതേയില്ല. അമ്മയെക്കുറിച്ച് അവരൊന്നും അറിയേണ്ട. ഒരു പിടികിട്ടാപ്പുള്ളിയെപ്പോലെ ഞാനെല്ലാവരില് നിന്നും ഒളിച്ചുമാറി നടന്നു.
അമ്മ ആശുപത്രിയിലായിട്ട് ഒരാഴ്ചയായി. അസ്ഥിരമായ ആ ജീവിതവുമായി ഞാന് പൊരുത്തപ്പെട്ടു. ഞാനതാസ്വദിക്കുകയോ വെറുക്കുകയോ ചെയ്തില്ല. വീട്ടുടമസ്ഥയായിരുന്നു ഒരു പ്രധാന പ്രശ്നം. സിഡ്നി ഉടനെയൊന്നും തിരിച്ചുവന്നില്ലെങ്കില് അവര് ഇടവകയിലെ അധികാരികളെ വിവരമറിയിക്കും. എന്നെ വീണ്ടും ഹാന്വെല്ലിലേക്കയക്കും. അതിനാല് ഞാനവരെ കാണാതെ കഴിച്ചു. ഇടയ്ക്ക് ഉറക്കംപോലും വെളിയിലാക്കി.
കെന്നിംഗ്ടണ് റോഡിനു പിറകില് ഒരു ഷെഡില് വിറകുവെട്ടുന്ന കുറച്ചു പണിക്കാരുണ്ടായിരുന്നു. ഞാനവരുമായി സൗഹൃദത്തിലായി. ഇരുണ്ട ഷെഡില് അവര് ദിവസം മുഴുവന് വിറകു കീറി അവ അരപ്പെനിയുടെ കെട്ടുകളാക്കും. ശബ്ദം താഴ്ത്തിയാണ് അവര് സംസാരിക്കുക. വാതിലിനരികില് ചെന്ന് അവരുടെ പണി നോക്കിനില്ക്കുന്നത് ഞാന് പതിവാക്കി. വലിയൊരു തടിയെടുത്ത് ഒരിഞ്ചു വീതിയുള്ള പലകകളാക്കും. വീണ്ടുമത് കീറി വിറകുകൊള്ളികളാക്കും. ആ ജോലി വളരെ ആകര്ഷകമായി എനിക്കു തോന്നി. താമസിയാതെ ഞാനവരെ സഹായിക്കാന് തുടങ്ങി. വെള്ളി, ശനി ദിവസങ്ങളില് അവര് വിറക് വില്പ്പന നടത്തും. വില്പന ജോലി എനിക്കത്ര രസകരമായി തോന്നിയില്ല. മര്യാദക്കാരും ശാന്തശീലരുമായ ആ പണിക്കാരേറെയും മുപ്പതിനും നാല്പതിനുമിടയ്ക്ക് പ്രായമുള്ളവരായിരുന്നു. ഞങ്ങള് ബോസ് എന്നു വിളിച്ചിരുന്ന ചുവന്ന മൂക്കുള്ള മരക്കട മുതലാളിക്ക് മുകള്വരിയില് കൂർത്ത ഒരു പല്ലു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അയാളുടെ മുഖത്ത് ഒരു മധുരഭാവമാണ് ഉണ്ടായിരുന്നത്. ഇടയ്ക്കയാള് ആ ഒറ്റപ്പല്ല് കാണിച്ച് വികൃതമായി ചിരിക്കും. ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാല് എന്റെ കൈയില് രണ്ടു പെനിയെടുത്ത് തരും. അടുത്ത കടയില്പോയി ഞാന് റൊട്ടിയും ചീസും വാങ്ങിക്കൊണ്ടുവരും. ഉപ്പും കുരുമുളകും ചേർത്ത് ഞങ്ങളത് കഴിക്കും. വാരാന്ത്യത്തില് മുതലാളി എനിക്ക് ആറു പെനി തന്നു. എനിക്ക് ആഹ്ലാദവും അമ്പരപ്പും തോന്നി.
വിളറിയ മുഖമുള്ള ജോ അപസ്മാര രോഗിയായിരുന്നു.അയാള്ക്ക് അപസ്മാര ബാധയുണ്ടാകുമ്പോള് മുതലാളി തവിട്ടു കടലാസ് കത്തിച്ച് ജോയുടെ മൂക്കിനരികില് കൊണ്ടുവരും. ചിലപ്പോള് വായില്നിന്നു നുരയും പതയും വരും. നാക്കു കടിക്കും - അല്പം കഴിഞ്ഞ് അസുഖം മാറുമ്പോള് അയാള് ക്ഷീണിതനും ലജ്ജാകുലനുമായിത്തീരും.
രാവിലെ ഏഴു മുതല് വൈകീട്ട് ഏഴുവരെയാണ് വിറകുവെട്ടുകാരുടെ ജോലിസമയം. പണികഴിഞ്ഞ് ഷെഡ് പൂട്ടി അവരെല്ലാം പൊയ്ക്കഴിഞ്ഞാല് എനിക്ക് സങ്കടം തോന്നും. ഒരു രാത്രി മുതലാളി ഞങ്ങളേയും കൂട്ടി സൗത്ത് ലണ്ടന് മ്യൂസിക് ഹാളില് നാടകം കാണാന് പോകാന് പരിപാടിയിട്ടു. ജോയും ഞാനും വേഗം കൈയും കാലും കഴുകി വൃത്തിയാക്കി പോവാന് തയ്യാറായി മുതലാളിയെ കാത്തുനിന്നു. ഫ്രെഡ്കാര്നോയുടെ ഹാസ്യനാടകമാണ് ആ ആഴ്ച കളിക്കുന്നത്. ജോ ഷെഡിന്റെ വാതില്ക്കലും ഞാനതിന്റെ എതിര്വശത്തുമായി നില്ക്കുകയായിരുന്നു. പെട്ടെന്ന് ജോ ഒരലര്ച്ചയോടെ താഴെ വീണ് അപസ്മാര ലക്ഷണങ്ങള് കാണിക്കാന് തുടങ്ങി. മുതലാളിയെത്തിയപ്പോള് ജോയെ പരിചരിക്കാന് താനവിടെ നിന്നോളാമെന്ന് അദ്ദഹം പറഞ്ഞു. പക്ഷേ ജോ സമ്മതിച്ചില്ല. തനിക്ക് രാവിലെയാകുമ്പോഴേക്കും സുഖമാവുമെന്ന് പറഞ്ഞ് ജോ ഞങ്ങളെ നാടകം കാണാന് പറഞ്ഞയച്ചു.
സ്കൂള് എനിക്കൊരു പേടിസ്വപ്നമായിരുന്നു. അവധിക്കാലം കഴിഞ്ഞും സ്കൂളില് പോകാതിരിക്കുന്നതു കണ്ട് വിറകുവെട്ടുകാര് അതേക്കുറിച്ച് ചോദിക്കാന് തുടങ്ങി. ഒടുവില് ഞാനൊരു സൂത്രം കണ്ടുപിടിച്ചു. നാലരമണിയാവുന്നതുവരെ ദൂരെയെവിടെയെങ്കിലും കറങ്ങിനടക്കും. സ്കൂള് സമയം കഴിഞ്ഞാലുടന് വിറകുവെട്ടുകാരുടെ അടുത്തേക്കു മടങ്ങും. തെരുവുകളില് ഒറ്റയ്ക്ക് അലഞ്ഞ് നടക്കുമ്പോള് പകലിന് ഏറെ നീളമുള്ളതായി എനിക്ക് തോന്നി.
ഒരു രാത്രി ഉറങ്ങാനായി ശബ്ദമുണ്ടാക്കാതെ മുറിയിലേക്കു കയറിച്ചെല്ലുമ്പോള് വീട്ടുടമസ്ഥയുടെകണ്ണില്പ്പെട്ടു. അവരെന്നെ കാത്തിരിക്കുകയായിരുന്നു. ഉത്കണ്ഠാപൂര്വം ഒരു ടെലിഗ്രാം അവരെന്റെ നേര്ക്കു നീട്ടി. ഞാനതു വായിച്ചു. 'നാളെ രാവിലെ എട്ടു മണിക്ക് വാട്ടര്ലൂ സ്റ്റേഷനിലെത്തും. സ്നേഹപൂര്വം സിഡ്നി.'
വസ്ത്രങ്ങള് കീറിയതും വൃത്തികെട്ടതും, ചെരിപ്പ് ഓട്ടപ്പെട്ടത്, തൊപ്പിയുടെ അരിക് പാവാടയുടേതുപോലെ തൂങ്ങിക്കിടക്കുന്നത്-സ്റ്റേഷനില് സിഡ്നിയെക്കാത്തു നില്ക്കുന്ന എന്റെ രൂപം ഒരു ഗംഭീര കാഴ്ചയേ ആയിരുന്നില്ല. 'എന്തുപറ്റി?' എന്നെ ആകപ്പാടെയൊന്ന് നോക്കിക്കൊണ്ട് സിഡ്നി ചോദിച്ചു.
'അമ്മയ്ക്ക് ഭ്രാന്തായി. അമ്മ ആശുപത്രിയിലാ.' വളരെ പരുക്കനായാണ് ഞാനാ വാർത്ത അറിയിച്ചത്. സിഡ്നിയുടെ മുഖം മ്ലാനമായി. അവന് ചോദിച്ചു. 'എന്നിട്ട് നീയിപ്പോളെവിടെയാണ്?'
'പഴയ പൗനല് ടെറസ്സില്ത്തന്നെ.'
അവന്റെ സാധനങ്ങള്ക്കൊപ്പം ഒരു കൂട പഴം. 'അത് നമ്മുടേതാണോ?' ഞാനത്ഭുതത്തോടെ ചോദിച്ചു. സിഡ്നി തലകുലുക്കി. 'അത് പച്ചയാണ്. ഒന്നു രണ്ടു ദിവസം കഴിഞ്ഞ് പഴുത്തിട്ടേ തിന്നാന് പറ്റൂ.'
വീട്ടിലേക്കു പോകുന്നവഴി സിഡ്നി അമ്മയുടെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. താന് കേപ്ടൗണിലെ ഒരാശുപത്രിയില് ചികിത്സയിലായിരുന്നുവെന്ന് അവന് പറഞ്ഞു. തിരിച്ചുപോരുമ്പോള് പട്ടാളക്കാര്ക്ക് ഭാഗ്യക്കുറികളും പന്തയങ്ങളുമൊക്കെ നടത്തി അവന് ഇരുപത് പവന് സമ്പാദിച്ചിട്ടുണ്ട്. അത് എത്രയും വേഗം അമ്മയ്ക്കെത്തിക്കാന് അവന് കാത്തിരിക്കുകയായിരുന്നുവത്രേ.
പിന്നീട് സിഡ്നി അവന്റെ ഭാവിപരിപാടികളെക്കുറിച്ച് എന്നോടു വിശദീകരിച്ചു. കപ്പല്ജോലി ഉപേക്ഷിച്ച് ഒരു നടനാവാനാണ് അവന് തീരുമാനിച്ചിരിക്കുന്നത്. കൈയിലുള്ള പണം ഞങ്ങള്ക്ക് രണ്ടാഴ്ചത്തേക്ക് തികയുമെന്നും അതിനിടയ്ക്ക് ഏതെങ്കിലും ഒരു തിയേറ്ററില് ജോലി കണ്ടെത്താമെന്നും അവന് പറഞ്ഞു.
ഒരു വണ്ടിയില് സാമാനങ്ങളും പഴങ്ങളുമായി ഞങ്ങളെത്തിച്ചേര്ന്നപ്പോള് വീട്ടുടമസ്ഥയ്ക്കും അയല്ക്കാര്ക്കുമൊക്കെ ഞങ്ങളോടൊരു മതിപ്പുണ്ടായി. അമ്മയെക്കുറിച്ചുള്ള കാര്യങ്ങള് വീട്ടുടമസ്ഥ സിഡ്നിയോട് പറഞ്ഞെങ്കിലും വേദനിപ്പിക്കുന്ന വിശദാംശങ്ങളൊക്കെ അവര് ഒഴിവാക്കി.
സിഡ്നി അന്നുതന്നെ എനിക്ക് പുതിയ വസ്ത്രങ്ങള് വാങ്ങിത്തന്നു. രാത്രി ഞങ്ങള് സൗത്ത് ലണ്ടന് മ്യൂസിക് ഹാളിലെത്തി. പരിപാടി കാണുന്നതിനിടയില് സിഡ്നി പറഞ്ഞുകൊണ്ടിരുന്നു: 'അമ്മ ഇപ്പോള് എന്തെടുക്കുകയാവും എന്നൊന്ന് ആലോചിച്ചുനോക്ക്.'
ആ ആഴ്ചതന്നെ ഞങ്ങള് കെയ്ന്ഹില്ലില് അമ്മയെ കാണാന് പോയി. സന്ദര്ശകമുറിയിലെ കാത്തിരിപ്പ് അസഹ്യമായിരുന്നു. താക്കോലുകള് തിരിയുന്നതും അമ്മ നടന്നുവരുന്നതും വ്യക്തമായി ഞാനോര്ക്കുന്നു.അമ്മ നന്നേ വിളറിയിരുന്നു. ചുണ്ടുകള് നീല നിറമായിരിക്കുന്നു. ഞങ്ങളെ തിരിച്ചറിഞ്ഞെങ്കിലും ഒട്ടുംതന്നെ ആവേശം കാണിച്ചില്ല. പഴയ ഉത്സാഹം തീരെ ഇല്ലാതായിരിക്കുന്നു.
'നിങ്ങള് ഈ സമയത്ത് വന്നത് കഷ്ടമായിപ്പോയി.കാരണം ഞങ്ങളിന്ന് തീരെ തയ്യാറായിരുന്നില്ല അല്ലേ ഡിയര്?' നഴ്സ് അമ്മയെ നോക്കിപ്പറഞ്ഞു. അമ്മ വിനയത്തോടെ അവരെ നോക്കി ഒരു ചെറുപുഞ്ചിരി തൂകി.
'ഞങ്ങളൊന്നുകൂടി ഉഷാറായാല് നിങ്ങള് വീണ്ടും വരണം കേട്ടോ.' അതും പറഞ്ഞ് നഴ്സ് പോയി. ഞങ്ങള് തനിച്ചായി. സിഡ്നി അവന്റെ സൗഭാഗ്യങ്ങളെക്കുറിച്ചും പണം സമ്പാദിച്ചതിനെക്കുറിച്ചുമെല്ലാം പറഞ്ഞ് അമ്മയെ സന്തോഷിപ്പിക്കാന് ശ്രമിച്ചെങ്കിലും അമ്മ നിര്വികാരയായി ഇരുന്നു. 'അമ്മയ്ക്ക് വേഗം സുഖമാവും' ഞാന് പറഞ്ഞു. 'തീര്ച്ചയായും. അന്ന് നീയെനിക്കൊരു കപ്പ് കാപ്പി തന്നിരുന്നുവെങ്കില് എനിക്കപ്പോള്ത്തന്നെ സുഖമായേനേ.' അമ്മ വേദനയോടെ പറഞ്ഞു.
പോഷകക്കുറവുകൊണ്ട് അമ്മയുടെ മനസ്സ് വല്ലാതെ ക്ഷീണിച്ചുപോയെന്നും അതിന് ഇനിയും ചികിത്സ തുടരണമെന്നും പരിപൂര്ണമായി സുഖപ്പെടാന് മാസങ്ങളെടുക്കുമെന്നും ഡോക്ടര് സിഡ്നിയോടു  പറഞ്ഞു. അമ്മയുടെ വേദന നിറഞ്ഞ ആ വാക്കുകള് എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.
'നീയെനിക്കൊരു കപ്പ് കാപ്പി തന്നിരുന്നുവെങ്കില് എനിക്കപ്പോള്ത്തന്നെ സുഖമായേനേ. ചാര്ളി ചാപ്ലിന്റെ ജീവിതത്തില് നിന്നും ഒരു നിമിഷം. കുറച്ച് മാത്രം സംസാരിക്കുന്ന, അധികം ഉയരമില്ലാത്ത ഒരാള്‍ ലണ്ടനിലെ ഏറ്റവും പ്രശസ്തനായ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തി. തന്റെ തീരാത്ത വേദനകളെപ്പറ്റിയും സങ്കടങ്ങളെപ്പറ്റിയും മണിക്കൂറുകളോളം അയാള്‍ സംസാരിച്ചു. എല്ലാം കേട്ടുകഴിഞ്ഞ ഡോക്ടര്‍ പറഞ്ഞു: ‘നിങ്ങളൊരു കാര്യം ചെയ്യൂ. ഇവിടെ തൊട്ടടുത്ത തിയേറ്ററില്‍ ചാര്‍ളി ചാപ്ലിന്റെ നല്ലൊരു സിനിമ കളിക്കുന്നുണ്ട്. അതൊന്ന് പോയി കണ്ടു നോക്കൂ, ശരിക്കൊന്ന് ചിരിച്ചാല്‍ മനസ്സിന്റെ കുറേ പ്രശ്‌നങ്ങള്‍ തീര്‍ന്നുകിട്ടും.’
നിര്‍വികാരനായി ആ മനുഷ്യന്‍ പറഞ്ഞു: ‘അതുകൊണ്ട് കാര്യമില്ല ഡോക്ടര്‍, ഞാനാണ് ചാര്‍ളി ചാപ്ലിന്‍.’ സങ്കടം തിങ്ങി നിറഞ്ഞ ജീവിതത്തിലൂടെയാണ് ചാപ്ലിന്‍ കഴിഞ്ഞുപോന്നത്. ‘എന്റെ കുട്ടിക്കാലം’ എന്ന പുസ്തകത്തില്‍ അക്കഥകളെല്ലാം മനോഹരമായി പറയുന്നുണ്ട്. പക്ഷേ അതേ അനുഭവങ്ങള്‍ തന്നെയാണ് ജീവിതത്തെ നേരിടാന്‍ തനിക്ക് കരുത്ത് നല്‍കിയതെന്ന് അദ്ദേഹം തുറന്നുപറയുന്നു. നമ്മള്‍ വേദനിക്കുന്നതൊന്നും വെറുതെയാകില്ലെന്ന് ലോകത്തെ മുഴുവന്‍ ചിരിപ്പിച്ച ആ പ്രതിഭാശാലി ഉറപ്പിച്ചെഴുതുന്നുണ്ട്. ജീവിതത്തില്‍ വല്ലതുമൊക്കെ ആയിത്തീര്‍ന്നിട്ടുള്ളവര്‍ക്കെല്ലാം സങ്കടം നിറഞ്ഞ ഒരു പഴയ കാലമുണ്ടായിരിക്കും. സുഖങ്ങള്‍ മാത്രം അനുഭവിച്ച് വളര്‍ന്നവര്‍ക്ക് പലപ്പോഴും വലിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കാന്‍ കഴിയാറില്ല. അങ്ങനെയെങ്കില്‍ നമ്മളിപ്പോള്‍ വല്ല പ്രതിസന്ധിയും നേരിടുന്നുണ്ടെങ്കില്‍ എന്തിനു പേടിക്കണം?

No comments:

Post a Comment