Featured post

Sai pallavi vanitha photoshoot

Monday 14 March 2016

Taste of Tea

സത്യത്തിൽ ഈ ചായ ഒരു സംഭവം തന്നെ .
കാലിച്ചായ , പാൽ ചായ , കട്ടൻ ചായ , മീഡിയം ചായ , സ്ട്രോങ്ങ്‌ ചായ , പൊടിച്ചായ , വിത്ത്‌ഔട്ട്‌, മധുരം കമ്മി ...
ഇങ്ങനെ പലപേരിലും അറിയപ്പെടുന്ന എല്ലാ ചായയിലും കൂട്ട്
പഞ്ചസാര , ചായപ്പൊടി , പാൽ , തിളച്ച വെള്ളം ഇവയാണ് എങ്കിലും ഓരോ
ചായയും  നമ്മിൽ ഉണർത്തുന്ന  നിർവൃതികൾ , വൈകാരിക ഭാവങ്ങൾ അനുഭൂതികൾ തികച്ചും വ്യത്യസ്തവും രസകരവുമാണ് .

അതി രാവിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റ ഉടനെ കുടിക്കുന്ന ചായയുടെ രുചിയല്ല ഏറെ ക്ഷീണിച്ചു തളർന്ന ശേഷം കുടിക്കുന്ന ചായ

വീട്ടിലേക്കു കേറിച്ചെന്ന പാടെ ഭാര്യ ഉണ്ടാക്കിത്തരുന്ന ചൂടുള്ള ചായയുടെ മധുരം വേറെ ,
പെണ്ണ് കാണാൻ ചെന്നിട്ടു കുട്ടിയെ ഇഷ്ടപ്പെട്ട സന്തോഷത്തിൽ മൊത്തിക്കുടിക്കുന്ന ചായയുടെ രസം വേറെ ,
ഇഷ്ടപ്പെട്ടില്ലെങ്കിൽ കുടിക്കുന്ന ചായയുടെ 'ടേസ്റ്റ്' വേറെ.

മഴ നനഞ്ഞു വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ തല തോർത്തി തന്നു ഉമ്മ കൊണ്ട് വന്നു തരുന്ന സ്നേഹച്ചായയുടെ സ്വാദ് വേറെ.

അതേ അമ്മ തന്നെ രാത്രി ഏറെ വൈകി പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു കട്ടൻ ചായ ഉണ്ടാക്കി കൊണ്ട് വന്നു തരുന്ന  പാതിരാ ചായയുടെ 'ഉന്മേഷം' വേറെ.

കഥ എഴുതുമ്പോൾ , ചിന്ത പുകയുമ്പോൾ,  അവളുണ്ടാക്കി കൊണ്ട് തരുന്ന
ചിന്തക്ക് തീ പടർത്തുന്ന
'ഭാവന'  ച്ചായക്കും
കല്യാണ ത്തലേന്നു പന്തലിന്റെ പണിയും സവാള അരിയലും മണിയറ ഒരുക്കലും ഒക്കെയായി ആർമാദിക്കുമ്പോൾ പെങ്ങൾ വലിയ ഒരു ട്രേയിൽ കൊണ്ട് വന്നു തരുന്ന 'കല്യാണ ചായക്കും' രസമൊന്നു വേറെ.

വല്ല സത്ക്കാരങ്ങൾക്കോ സദ്യകൾക്കോ ചെന്നിട്ടു ബിരിയാണി തട്ടി അവസാനം
അതൊന്നു ഒതുങ്ങാൻ കുടിക്കുന്ന 'ദം ചായ'ക്കും  , പാർട്ടി കഴിഞ്ഞു പോകാൻ നേരം തരുന്ന 'പോകാൻ ചായ' ക്കും
എല്ലാം ഒരേ രുചിയല്ല . സ്വാദല്ല . .!

നമ്മുടെ ഗ്രാമത്തിലെ  ചായക്കടയിൽ നിന്ന് 
സൊറ പറഞ്ഞും പത്രം വായിച്ചും  കുടിക്കുന്ന മക്കാനിച്ചായക്ക്‌
അനുഭൂതി  വേറെ .

വിനോദ യാത്രയിലും ഉല്ലാസ വേളകളിലും കറങ്ങി നടക്കുമ്പോൾ കോടമഞ്ഞിന്റെ കുളിരും ടൂറിന്റെ ത്രില്ലും അനുഭവിച്ച്  വഴി യോരത്തു നിന്ന് കുടിക്കുന്ന ഉല്ലാസച്ചായയുടെ നിർവൃതി വേറെ .

വല്ലാതെ ടെൻഷൻ അടിക്കുമ്പോൾ സ്വയം ഉണ്ടാക്കി കുടിക്കുന്ന സുലൈമാനി പകരുന്ന 'പ്രഷർ ചായ'യുടെ ആവേശം വേറെ .

തികച്ചും സർപ്രൈസ് ആയി ഭാര്യയ്ക്ക് വല്ല സമ്മാനവും കൊണ്ട്  പോയി കൊടുത്ത വകയിൽ അപ്പോൾ തന്നെ അവളുണ്ടാക്കി തരുന്ന
'റൊമാൻസ് ചായ'യുടെ 'ചൂട്' വേറെ .

ചേരുവ ഒന്നാണ് ..
പക്ഷേ അവസരത്തിനും സാഹചര്യത്തിനും നമ്മുടെ
മാനസിക അവസ്ഥയ്ക്കും അനുസരിച്ച് ചായ പകരുന്ന അനുഭൂതികൾ
അവർണ്ണനീയം തന്നെ .

എന്താല്ലേ !!!

No comments:

Post a Comment