Featured post

Sai pallavi vanitha photoshoot

Saturday 12 March 2016

Nostalgia, best malayalam story

ചെറുപ്പത്തില്‍ എനിക്കെന്റെ അച്ഛനെ ഭയമായിരുന്നു. ഒന്നിനുമല്ലാതെ വെറുതെ ഒരു ഭയം. അച്ചനെന്നെ അനാവശ്യമായി അടിക്കുമായിരുന്നില്ല. പിന്നെന്തിനായിരുന്നു ഭയം എന്ന ചോദ്യത്തിന് ഞാനിപ്പോഴും ഉത്തരം തേടിക്കൊണ്ടിരിക്കുന്നു. ഞാന്‍ വളര്‍ന്നപ്പോള്‍ ഭയം വെറുപ്പായിത്തുടങ്ങിയോ? ആയിരിക്കണം. അല്ലെങ്കില്‍ അച്ഛന്‍ പറയുന്നതെന്തിനും ഞാന്‍ ദേഷ്യപ്പെട്ടിരുന്നതെന്തിനായിരുന്നു ?

എന്‍റെ അച്ഛന്‍ ഒരു കര്‍ഷകന്‍ ആയിരുന്നു. ഒരു നിമിഷവും വെറുതെ പാഴക്കരുതെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തി. പാടങ്ങള്‍ ഉതുഴ് മറിക്കാന്‍ കാളകളെ പൂട്ടി വെളുപ്പിനെ ഇറങ്ങിയാല്‍ ഇരുട്ടിയാല്‍ മാത്രമേ തിരിച്ചു കയറുമായിരുന്നുള്ളൂ. വീട്ടിലുള്ള എല്ലാവരും അത് പോലെ ജോലി ചെയ്യണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നു അതിനു വേണ്ടി നിര്‍ബന്ധം പിടിച്ചിരുന്നു. അപ്പോള്‍ അമ്മയുടെ കൂട്ട് എനിക്കു നഷ്ടപ്പെട്ടു. അതായിരിക്കാം വെറുപ്പിനുള്ള ആദ്യ കാരണം.

അച്ഛന് ഭയങ്കര ഉച്ചത്തിലായിരുന്നു സംസാരിച്ചിരുന്നത്. എന്നില്‍ കാണുന്ന തെറ്റുകളെ അച്ഛന്‍ ശാസിച്ചിരുന്നത് അതേ ഉച്ചത്തിലായിരുന്നു. ഞാന്‍ ഒരു വലിയ നാണക്കാരന്‍ ആയിരുന്നതിനാല്‍ ഈ ഉച്ചത്തിലുള്ള വഴക്കു പറച്ചില്‍ അല്ലെങ്കില്‍ തെറ്റ് തിരുത്തല്‍ മറ്റുള്ളവര്‍ കേള്‍ക്കുന്നതു എന്നെ നാണിപ്പിച്ചിരുന്നു, അതിനെ ഞാന്‍ വെറുത്തിരുന്നു. പ്രത്യേകിച്ചു കൂട്ടുകാര്‍. അവരുടെ മുന്നില്‍ വെച്ചു എന്നെ ഉച്ചത്തില്‍ വഴക്കു പറഞ്ഞതാകാം എന്നില്‍ ഭയമുണ്ടാക്കാനും പിന്നീട് വെറുപ്പിലേക്കും നയിച്ച മറ്റൊരു കാരണം.

വല്ലപ്പോഴുമേ ബസ്സില്‍ ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്തിരുന്നുള്ളൂ. അത് ഒന്നുകില്‍ അമ്മയുടെ വീട്ടിലേക്കുള്ള യാത്ര , കല്യാണങ്ങല്‍ക്കുള്ള യാത്ര അല്ലെങ്കില്‍ ആശുപതിയിലേക്കുള്ള യാത്രകള്‍. അച്ചന്റെ കൂടെയുള്ള യാത്രകളില്‍ പോകേണ്ട സ്ഥലം എത്തുമ്പോള്‍ എന്നെ ഉച്ചത്തില്‍ വിളിക്കുമായിരുന്നു ’’ ഡാ, നീ ഉറങ്ങാണോ , നീ ഇറങ്ങുന്നില്ലേ’’ സഹയാത്രികരുടെ ചിരികള്‍ എന്‍റെ ഹൃദയത്തില്‍ ഭയവും വെറുപ്പുമുണ്ടാക്കിയിരിക്കാം.

അച്ചന്റെ കൂടെ കിടന്നതായിട്ടു എനിക്കു ഓര്‍മയില്ല, ഞാന്‍ അന്ന് അത് ആഗ്രഹിച്ചിരുന്നോ എന്നനിക്കറിയില്ല. അച്ചനെന്നെ കൊഞ്ചിച്ചതായിട്ടു എനിക്കു ഓര്‍മയില്ല. അച്ഛന്‍റെ കൊഞ്ചിക്കല്‍ ആഗ്രഹിച്ചിരുന്നോ എന്നും എനിക്കറിയില്ല. സത്യത്തില്‍ അച്ഛന്‍റെ മുന്നില്‍ നിന്നും ഒളിച്ചു മാറി നടക്കാനാല്ലേ ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത്. കൊഞ്ചിക്കാത്തതും അച്ഛനോടുള്ള അകലത്തിന് ഒരു കരണമാണോ?.

ഞാനെന്നും അമ്മയുടെ കൂടെയാണ് കിടന്നിരുന്നത്. അമ്മയുടെ വയറില്‍ പിടിച്ചു കൊണ്ട് ഒരു വിരല്‍ വായില്‍ വെച്ചു കൊണ്ടാണ് ഞാന്‍ ഉറങ്ങിയിരുന്നത്. ഞാന്‍ ഉറങ്ങിയെന്ന് കരുതി അമ്മ അച്ഛന്‍റെ അടുത്തേക്ക് പോകുമ്പോള്‍ ഞാന്‍ ഭയപ്പെട്ടു കരയുമായിരുന്നു. അങ്ങനെ രാത്രികളെ ഞാന്‍ ഭയപ്പെട്ടു തുടങ്ങി.

വൈകുന്നേരങ്ങളിനെ കൂട്ടുകാരുമൊത്തുള്ള കളികള്‍ അവസാനിക്കാതിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിച്ച് തുടങ്ങി. വരാനിരിക്കുന്ന രാത്രിയെ, എന്‍റെ അടുത്തു നിന്നു എഴുന്നേറ്റ് പോകുന്ന അമ്മയുടെ അസാന്നിധ്യത്തെ ഞാന്‍ ഭയപ്പെട്ടു. അങ്ങനെ ഇരുട്ടിനെ ഞാന്‍ ഭയപ്പെട്ടു തുടങ്ങി. രാത്രിയില്‍ വിളക്ക് അണച്ചാല്‍ ഞാന്‍ ആഴങ്ങളിലേക്ക് ആണ്ടു പോകുന്നതിനെ ഉള്‍ണ്ണു കൊണ്ട് കണ്ടു തുടങ്ങി. അപ്പോള്‍ ഞാന്‍ അലറിക്കരയുമായിരുന്നു. വിളക്കിന്‍റെ വെട്ടം തെളിയാതെ പിന്നെ എനിക്കുറങ്ങാന്‍ കഴിയുമായിരുന്നില്ല. ഭയത്തിന്‍റെ ഭയാനകതകളില്‍ പെട്ട് അലറിക്കരയുന്ന എന്നെ അമ്മ നെഞ്ചില്‍ അടക്കിപ്പിടിച്ചിരുന്നു. അപ്പോള്‍ അച്ഛന്‍ എന്നെ അടക്കിപ്പിടിച്ചിരുന്നെങ്കില്‍ കൂടുതല്‍ ധൈര്യം എനിക്കു കിട്ടുമായിരുന്നോ.? എനിക്കറിയില്ല.

പല ദിവസങ്ങളിലും അച്ഛന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ജോലി ചെയ്യേണ്ടി വന്ന അമ്മയ്ക്കു വീട്ടു കാര്യങ്ങളില്‍ കൂടുത്ല്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റാതായി. പറക്കമുറ്റാത്ത നാലു മക്കളെ വിട്ടു പുറം ജോലി ചെയ്യുന്നതിനെ അമ്മയ്ക്കു ഉള്‍കൊള്ളുവാന് കഴിഞ്ഞിരുന്നില്ല. അമ്മയുടെ എതിര്‍പ്പുകള്‍ അവര്‍ തമ്മിലുള്ള വഴക്കുകളിലേക്ക് വരെ എത്തിക്കാറുണ്ടായിരുന്നു. ചില ദിവസങ്ങളിലെ ആ വഴക്കുകള്‍ അമ്മയെ അമ്മയുടെ വീട്ടിലേക്ക് പോകുവാന്‍ പ്രേരിപ്പിച്ചിരുന്നു. അമ്മ ഇറങ്ങി പോകുന്നത് എനിക്കു സഹിക്കാന്‍ കഴിയുമായിരുന്നില്ല. അമ്മ പോകുമ്പോള്‍ കരഞ്ഞു കൊണ്ട് ഞാന്‍ പടി വരെ ഓടിപ്പോയി കണ്ണില്‍ നിന്നു മറയുന്നത് വരെ നോക്കി നിന്നിരുന്നു. എന്‍റെ കൂടെ നിന്നുള്ള എന്‍റെ പെങ്ങളുടെ കരച്ചില്‍ എന്നെ കൂടുതല്‍ ഭയത്തിലാക്കി. ആ ദിവസങ്ങളിലെ രാത്രികള്‍ എന്‍റെ പെങ്ങളെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ നേരം വെളുത്തോ എന്നു പല വട്ടവും ഞാന്‍ എണീറ്റ് നോക്കുമായിരുന്നു. അച്ഛനെന്നെ അന്നെങ്കിലും ചേര്‍ത്ത് പിടിച്ചു കൂടായിരുന്നുവോ ?

അമ്മ പോയ ദിവസങ്ങളില്‍ അമ്മയുടെ വരവും കാത്തു ഞാന്‍ പടിക്കല്‍ കാത്തു നില്‍കുമായിരുന്നു. എനിക്കു കൂട്ടായി എന്‍റെ പെങ്ങളും. ‘’നിങ്ങളെ ഇങ്ങനെ ഒറ്റക്കാക്കി പോകാന്‍ നിങ്ങളുടെ അമ്മക്കെങ്ങനെ തോന്നുന്നു’’ എന്നുള്ള പലരുടേയും അടക്കം പറച്ചില്‍ അമ്മക്ക് ഞങ്ങളോടു സ്നേഹം ഇല്ലാഞ്ഞിട്ടായിരിക്കും എന്ന രീതിയിലേക്ക് ഞങ്ങളെ ചിന്തിപ്പിച്ചിരുന്നു. ഒരിക്കല്‍ അമ്മ പോയ ദിവസം എതിരെ വന്ന എന്‍റെ കൂട്ടുകാരന്‍ എന്നോടു ചോദിച്ചു’’അമ്മയെന്തിനാ കരഞ്ഞു കൊണ്ട് പോകുന്നതെന്ന്’’. അന്ന് ഞാന്‍ മനസ്സിലാക്കി ഞങ്ങളെ തനിച്ചാക്കി പോകുന്ന അമ്മയുടെ കണ്ണില്‍ നിന്നും വീഴുന്നുണ്ട് ചൂട് കണ്ണീര്‍.

ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ എന്തിനായിരുന്നു അമ്മയുടെ യാത്രകള്‍ , എന്തിനായിരുന്നു ഇടവേളകളിലെ ഈ വഴക്കിട്ടുള്ള യാത്രകള്‍? അത് ചിലപ്പോള്‍ വല്ല്യമ്മയെ ഒന്നോ രണ്ടോ ദിവസമെങ്കിലും ശ്രുശൂഷിക്കാന്‍ കിട്ടുന്ന അവസരത്തിനും, അമ്മയുടെ നാലു ആങ്ങളമാര്‍ നല്‍കുന്ന നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടുവാനും വേണ്ടിയായിരുന്നിരിക്കണം. ആ കിട്ടുന്ന നാണയത്തുട്ടുകള്‍ കൊണ്ട് ഞങ്ങള്‍ക്കു ഉടുപ്പുകളും മധുര പലഹാരങ്ങളും കളിപ്പാട്ടങ്ങളും വാങ്ങി തിരികെ വന്നു ഞങ്ങളെ കെട്ടിപ്പിടിച്ചു കരയുമായിരുന്ന അമ്മയുടെ മുഖം ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു, ഇടവേളകളിലെ അമ്മയുടെ വഴക്കുണ്ടാക്കിയുള്ള ഈ യാത്രകള്‍ പാടശേഖരത്തിലെ ഞാറുകള്‍ നടുന്നതിനോ, ചാണകക്കൊട്ടകള്‍ ചുമക്കുന്നതിനോ, നെല്‍കതിരുകള്‍ കൊയ്യുന്നതിനോ, അത് മെതിച്ചെടുക്കുന്നതിനോ, നെല്ലും പതിരും തിരിക്കുന്നതിനോ അത് ഉണക്കുന്നതിനോ, അറകളില്‍ നിറക്കുന്നതിനോ മടിയുണ്ടായിരുന്നത് കൊണ്ടല്ല. പകരം ആങ്ങളമാര്‍ ആണെങ്കില്‍ കൂടി അവരോടു ഒരു തരത്തില്‍ ‘’കൈനീട്ടല്‍’’ നടത്തി കൊണ്ട് ഞങ്ങള്‍ മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള യാത്രകളായിരുന്നു.

അമ്മയുടെ അഭാവത്തിലും അച്ഛന്‍ നിരന്തരം പാടത്ത് പണിയെടുത്തിരുന്നു. അപ്പോള്‍ അച്ഛന് കൂട്ടായി എന്‍റെ മൂത്ത രണ്ടു സഹോദരങ്ങളും പണിക്കിറങ്ങും . അച്ഛന്‍ അന്ന് എന്തിനായിരുന്നു അന്ന് അങ്ങനെ കഷ്ടപ്പെട്ടിരുന്നത് എന്നു എനിക്കു ചിന്തിക്കാനുള്ള പ്രായം ആയിരുന്നില്ല.

ഇന്നെനിക്ക് 33 വയസ്സു പ്രായം. ഞാന്‍ പുറം രാജ്യത്തു ജോലി ചെയ്യുന്നു. അച്ഛന് 80 വയസ്സു തികഞ്ഞു. ഇന്നും അച്ഛന്‍ പറമ്പിലെ വാഴയും റബര്‍ കൃഷിയുമൊക്കെ ഊര്‍ജസ്സ്വലനായി നോക്കി നടത്തുന്നു. അച്ഛന്‍ സാധാരണ വരുന്ന പനിയോ തലവേദനോ മറ്റ് അസ്വസ്ഥതകളോ ആരോടും പറയാറില്ലായിരുന്നു. അടുപ്പില്‍ നിന്നും തോര്‍ത്ത് കൊണ്ട് ദേഹം ചൂട് പിടിക്കുന്നതു കാണുമ്പോഴാണു എന്തോ അസ്വസ്ഥത ഉണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നത്. ഒരിക്കലും ആശുപത്രിയില്‍ പോയി ചികില്‍സിക്കാന്‍ അച്ഛന് താല്പര്യമില്ലായിരുന്നു. അത് ആശുപത്രിയില്‍ ചിലവാകുന്ന പൈസയെ ഓര്‍ത്തായിരുന്നു എന്നു ഈ നിമിഷത്തില്‍ ഞാന്‍ മനസ്സിലാക്കുന്നു.

കഴിഞ്ഞയാഴ്ച അച്ഛന് ഒരു നടുവേദന അനുഭവപ്പെട്ടു. അങ്ങനെ സാധാരണ ചെറിയ വേദനകളൊന്നും ആരോടും പറയാതെ മനസ്സില്‍ ഒതുക്കുന്ന അച്ഛന്‍ പക്ഷേ ‘’സഹിക്കാന്‍ പറ്റണില്ല’’ എന്നു പറഞ്ഞു. ഞങ്ങള്‍ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഒരുപാട് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ പറഞ്ഞു ‘’നിങ്ങളുടെ അച്ഛന് കാന്‍സര്‍ എന്ന മാരക രോഗം പിടി പെട്ടിരിക്കുന്നു’’.
അതോടൊപ്പം ഡോക്ടര്‍ ഒരു കാര്യം കൂടി പറഞ്ഞു ‘’ആവശ്യത്തിന് വെള്ളം കുടിക്കാതെ വെയിലത്ത് പണിയെടുത്ത് മജ്ജ ഉണങ്ങിയതാന് ഇതിന് കാരണം’’

അപ്പോള്‍ എനിക്കു ഒരു തരം മരവിപ്പാണ് തോന്നിയത്. ആദ്യമായി ഞാന്‍ അച്ഛന്‍റെ ജീവിതത്തെ കുറിച്ചു അറിയാന്‍ ശ്രമിച്ചു തുടങ്ങി. ചെറുപ്പം മുതലേ പണിയെടുക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന്‍. രണ്ടു അനിയന്മാരുടെ കാര്യങ്ങള്‍, രണ്ടു അനിയത്തിമാരെ കെട്ടിച്ചയക്കാന്‍, വലിയച്ഛനെ നേരത്തെ നഷ്ടപ്പെട്ട അച്ഛന്‍റെ ഉത്തരവാദിത്വങ്ങള്‍ ആയിരുന്നുവോ എന്നു പൂര്‍ണമായും എനിക്കറിയില്ല, ചിലപ്പോള്‍ ആയിരുന്നിരിക്കാം. അഞ്ചു വരെയോ ആറു വരെയോ ഉള്ള വിദ്യാഭ്യാസത്തിന് ശേഷം കര്‍ഷകനായി മാറേണ്ടി വന്ന മനുഷ്യന്‍ തള്ള കോഴി കുഞ്ഞുങ്ങളെ നോക്കുന്ന പോലെ ഓടിനടന്നു കൊത്തിപ്പെറുക്കി എല്ലാവര്ക്കും ഭക്ഷണം ഒരുക്കി. അവരെ കൊത്തിയകറ്റേണ്ട സമയമായപ്പോള്‍ അച്ഛന് പുതിയ ബാധ്യതകള്‍ വന്നു. ഭാര്യ , വല്ല്യമ്മ നാലു മക്കള്‍. വീണ്ടും അന്നം തേടല്‍ തുടര്‍ന്നു. ഞാന്‍ അപ്പോള്‍ അറിഞ്ഞു തുടങ്ങുകയായിരുന്നു , അച്ഛന് വേണ്ടി ഒരു ദിവസം, അല്ലെങ്കില്‍ ഒരു ദിവസത്തെ ഒരു മണിക്കൂര്‍ പോലും സ്വന്തം ആവശ്യത്തിന് വേണ്ടി മാറ്റി വെക്കാത്ത മനുഷ്യന്‍. ഞങ്ങള്‍ മക്കള്‍ക്ക് വേണ്ടി മാത്രം ജീവിതം മാറ്റി വെച്ച ഒരു ജന്മം.

എനിക്കിപ്പോള്‍ അച്ഛനെ വളരെ സ്നേഹിക്കണമെന്ന് തോന്നുന്നു. അന്ന് അച്ഛന്‍ അനുഭവിച്ച പോലെ എനിക്കറിയില്ല അച്ഛനോടുള്ള സ്നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്ന്. എന്‍റെ കയ്യില്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ സാധിക്കുവാനുള്ള പൈസ ഉണ്ട്, പക്ഷേ എനിക്കു പൂര്‍ത്തീകരിച്ചു കൊടുക്കുവാന്‍ അദ്ദേഹത്തിന് ഒരു ആഗ്രഹവും ഇല്ല, ഞാന്‍ വാങ്ങിച്ചു കൊടുക്കുന്ന ഷര്‍ട്ടുകള്‍, മുണ്ടുകള്‍ മടക്കി അതേ പോലെ സൂക്ഷിക്കും. എന്നിട്ട് പറയും ‘’അന്ന് വാങ്ങിച്ചത് അതേ പോലെ തന്നെ ഇരിക്കുന്നു, ഇനി ഇപ്പോള്‍ എന്തിനാ’’?. എന്‍റെ പൈസ ചിലവാകുമെന്ന പേടി അദ്ദേഹത്തെ ഇപ്പൊഴും അദ്ദേഹത്തിന്റെ ആഗ്രഹങ്ങളില്‍ നിന്നുമകറ്റുന്നു.

എനിക്കിപ്പോള്‍ അച്ഛന്‍റെ കൂടെ കിടക്കണമെന്ന് ആഗ്രഹം തോന്നാറുണ്ട്. അതിനു വേണ്ടി ‘’അച്ഛന്‍റെ മുറിയില്‍ നല്ല തണുപ്പാണ്’’ എന്ന കാരണം പറഞ്ഞു അച്ഛന്‍റെ കട്ടിലിന്റെ ഒരു സൈഡില്‍ ഞാന്‍ ഒതുങ്ങി കിടക്കും. കുറെ കഴിഞ്ഞും അച്ഛനെ കാണാതെ വരുമ്പോള്‍ ഞാന്‍ ചെന്നു നോക്കും. അപ്പോള്‍ അദ്ദേഹം എന്‍റെ ഉറക്കത്തെ തടസ്സപ്പെടുത്താതിരിക്കാന്‍ കസേരയില്‍ ഇരുന്നു ഉറങ്ങുന്നുണ്ടാകും.

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു അച്ഛന്‍റെ ഉള്ളില്‍ മക്കളോടും സഹജീവികളോടുമുള്ള സ്നേഹം മാത്രമേ ഉള്ളൂ. അതിനു വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യന്‍. സ്നേഹം പ്രകടിപ്പിക്കാന്‍ അറിയാത്ത ഒരു പാവം മനുഷ്യന്‍. ഇത് പോലെയുള്ള ഒരുപാട് അച്ഛന്‍മാര്‍ നമുക്കിടയില്‍ ഉണ്ട്. എങ്ങനെ സ്നേഹം പ്രകടിപ്പിക്കണമെന്ന് അറിയാതെ ജീവിക്കുന്ന പാവം അച്ഛന്‍മാര്‍. അവരെ സ്നേഹമില്ലാത്തവര്‍ എന്നു കരുതി തളളിക്കളയാതിരിക്കാന്‍ നമ്മള്‍ മക്കള്‍ ശ്രമിക്കണം. അവരുടെ ഉള്ളില്‍ നമ്മളോടുള്ള സ്നേഹം മാത്രമായിരുന്നൂ എന്നു നമ്മള്‍ മനസ്സിലാക്കി വരുമ്പോഴേക്ക് നമ്മള്‍ക്ക് അവരെ നഷ്ടപ്പെട്ടിരിക്കും. എനിക്കു അച്ഛനെ കെട്ടിപ്പിടിച്ചു ഒരു ദിവസമെങ്കിലും ഉറങ്ങണം. എനിക്കു സാധിക്കുമോ ? ഞാന്‍ അച്ഛനോട് തുറന്നു പറയട്ടെ ???...

ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ പുറത്തു നിന്നു നോക്കുന്ന ഒരാള്‍ക്ക് അച്ഛന്‍റെ ജീവിതം എന്തായിരുന്നു എന്ന ചോദ്യത്തിന്, ആരെയും വെറുപ്പിക്കാതെ ആരോടും വഴക്കുണ്ടാക്കാതെ ജീവിച്ച് തീര്‍ത്ത ഒരു സാധാരണ മനുഷ്യന്‍. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ആയുസ്സിലെ മുഴുവന്‍ സമയവും ശരീരവും മനസ്സും കുടുംബത്തിന് വേണ്ടി അര്‍പ്പിച്ചു, കഷ്ടപ്പാട് അറിയിക്കാതെ , ഒന്നും തിരിച്ചു കിട്ടുമെന്ന് ആഗ്രഹിക്കാതെ ജീവിച്ച് തീര്‍ത്ത ഒരു മനുഷ്യന്‍, എന്‍റെ പുന്നാര അച്ഛന്‍. ആ അച്ഛന് സമര്‍പ്പിക്കാന്‍ എന്‍റെ കയ്യില്‍ ഒന്നുമില്ല ആര്‍ക്കും വേണ്ടാത്ത എന്‍റെ കണ്ണുകളില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന ചുടുകണ്ണീര്‍ അല്ലാതെ..

No comments:

Post a Comment